ഏകാന്തതയുടെ ഘനമുഹൂര്‍ത്തങ്ങളില്‍ വിചാരശീലരുടെ മനസ്സിനെ വേട്ടയാടുന്ന ഒരാശങ്കയുണ്ട്; മാനവന്റെ ഭൂവാസത്തിന്റെ ആത്യന്തിക താല്‍പര്യത്തെക്കുറിച്ചുള്ള ആശങ്കയാണത്. ആശങ്കകള്‍ അകറ്റാന്‍ അറിവും ബുദ്ധിയുമൊക്കെയാണല്ലോ അത്താണി. എന്നാല്‍ നേടിയ അറിവും കഴിവിന്‍പടി ബുദ്ധിയും ചെലുത്തിയാലും തീരാത്തതാണ് ഈ ആശങ്ക. മാനവനു മുന്നില്‍ വഴിയൊന്നേയുള്ളൂ; തന്നെയും തനിക്ക് കുടിപാര്‍ക്കാന്‍ നിശ്ചയിക്കപ്പെട്ട പ്രപഞ്ചത്തെയും അണിയിച്ചൊരുക്കിയ അദൃശ്യശക്തിയില്‍ നിന്നുതന്നെ ഈ ലോകവാഴ്വിന്റെ പൊരുളറിയുക. അതുകൊണ്ടാണ് ആസ്തിക്യാഭിമുഖ്യമുള്ള ആളുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആകാശലോകത്തെ അഭിമുഖീകരിക്കുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം അറിയേണ്ടത് അവിടെ നിന്നാണ്; അവിടെ നിന്നുതന്നെയാണ് ജീവിതത്തിന് മാര്‍ഗ്ഗദര്‍ശനം ലഭിക്കേണ്ടതും. ദൈവിക ഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ടതിന്റെ പൊരുളതാണ്. 'മറഞ്ഞതില്‍ വിശ്വസിക്കുവോര്‍ക്ക് സന്ദേഹമറ്റ മാര്‍ഗ്ഗദര്‍ശനമാണ്' അതെന്നാണല്ലോ ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്.
മനുഷ്യജീവിതത്തിന് വഴികാട്ടുവതെങ്ങനെയാണ്? ഗിരിപ്രഭാഷണങ്ങള്‍ കൊണ്ട് അത് സാധ്യമാണോ? വാക്കുകളാല്‍ മാത്രം നിയന്ത്രിക്കപ്പെടുന്നതായിരുന്നു ജീവിതമെങ്കില്‍ പ്രഭാഷണങ്ങള്‍ പ്രയോജനകങ്ങളായേനെ. പ്രബന്ധങ്ങളും പ്രായോഗിക ജീവിതത്തിന് വഴികാട്ടാന്‍ സമര്‍ത്ഥങ്ങളല്ലെന്ന് നാം പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. 'ഏട്ടിലെ പശു പുല്ല് തിന്നില്ലെ'ന്നാണല്ലോ പഴഞ്ചൊല്‍ പ്രമാണം. കവിതയുടെ വിതകൊണ്ട് ജീവിതപ്പാത തെളിയുമായിരുന്നെങ്കില്‍ ഈ ദുനിയാവെത്ര മോഹനമാകുമായിരുന്നു! വഴിയൊന്നേയുള്ളൂ; ജീവിച്ചുകാണിക്കുക. പ്രാപഞ്ചിക ജീവിതത്തില്‍ മനുഷ്യന് കടന്നുപോകേണ്ടിവരാവുന്ന ഗതിവിഗതികളിലെല്ലാം നിഴല്‍ പതിയാത്ത വെട്ടം വിതറുന്ന പൂര്‍ണജീവിതം വഴി പ്രായോഗിക പാഠങ്ങള്‍ പ്രമാണങ്ങളായി നല്‍കുക മാത്രം. ഇക്കാര്യത്തില്‍ ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അവര്‍ പ്രതിഭാധനരായ മനുഷ്യരുടെ ഭാവനാസന്താനങ്ങളാണ്. മാലാഖമാര്‍ക്കുമാവില്ല, മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. മനുഷ്യാവസ്ഥകളേതുമില്ലാത്ത അവരെങ്ങനെയാണ് പാപപ്രവണത കൂടി ഏറ്റി നടക്കുന്ന മനുഷ്യന് മാതൃകയാവുക? അദൃശ്യലോകചാരികളായ മാലാഖമാര്‍ മാനവര്‍ക്ക് മാതൃകയേയല്ല. മാനുഷികമായ വിശേഷങ്ങളെല്ലാം ഉള്‍ച്ചേര്‍ന്ന ഒരു മനുഷ്യനാണ് സമ്പൂര്‍ണമായ ജീവിതം വഴി മനുഷ്യര്‍ക്ക് ജീവിതവഴി പഠിപ്പിക്കേണ്ടത്.
ഖുര്‍ആന്‍ തീര്‍ച്ചയായും ഒരു വ്യാഖ്യാതാവിനെ തേടുന്നുണ്ട്; ഖുര്‍ആനികാശയങ്ങള്‍ക്ക് ജീവിതപാഠം തീര്‍ക്കാന്‍ കഴിയുന്ന ഒരു മഹാപ്രതിഭയെ. അതത്രെ പ്രവാചകന്‍. അവിടുന്ന് ആള്‍ക്കൂട്ടത്തില്‍ ഒരാളായിരുന്നു. അതേ സമയം വെളിപാടുവഴി കൈവന്ന വെളിച്ചത്തില്‍ സംസാര സാഗരത്തില്‍ വഴിതേടുവോര്‍ക്കുള്ള വിളക്കുമാടമായിരുന്നു. ഖുര്‍ആന്‍ താല്‍പര്യപ്പെടുന്ന അത്യുദാത്ത ജീവിതത്തിന്റെ പരമാവധിയാണ്, ഖുര്‍ആന്‍ തന്നെയാണ് പ്രവാചകന്റെ ജീവിതം എന്ന് ആയിശാബീവിതന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
പ്രവാചകനെ മാതൃകയാക്കുകയെന്നാല്‍ അവിടത്തെ അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുക എന്നാണ്. അത് ഏറ്റവും ഉത്തമമായിരിക്കണം. അപാകങ്ങള്‍ നിഴല്‍ വീശുക പോലും ചെയ്യാത്തത്. 'ചരിത്രത്തിലെ ഏറ്റവും ഉദാത്തമായ മാതൃകയാണ് റസൂല്‍കരീം' എന്ന പ്രഖ്യാപനം കൊണ്ട് വലിയ കാര്യമൊന്നുമില്ല. ഓരോരുത്തര്‍ക്കും അത് ബോധ്യപ്പെടണം. ബോധ്യപ്പെടുമാറ് ആ ജീവിതത്തെ പരിശോധിക്കാന്‍ കഴിയണം. ചൊല്ലും ചേലുമടക്കം എല്ലാം കണിശമായ പരിശോധനയെ അതിജീവിക്കുന്നതായിരിക്കണം. ചരിത്രം നിരവധി പ്രതിഭകളെ കണ്ടിട്ടുണ്ട്. അവരിലാരുടെയെങ്കിലും ജീവിതത്തെ പൂര്‍ണതൃപ്തി കൈവരുമാറ് പരിശോധിക്കാനാകുമോ? മോശയും യേശുവുമടക്കമുള്ള പൂര്‍വ്വ പ്രവാചക•ാരില്‍നിന്ന് തുടങ്ങുക. ഗാന്ധിയും ടോള്‍സ്റോയിയുമടക്കമുള്ള ആധുനിക പ്രതിഭകളിലോളം പരതുക. അവരുടെയാരുടെയെങ്കിലും ജീവിതത്തെ മുഴുനീളം പരിശോധിക്കാനാവുമോ? മഹാനായ യേശുവിന്റെ ജീവിതം പരിശോധിക്കുക. ചരിത്രകാരന് സമ്മതം മൂളാവുന്ന ജീവചരിത്രാനുഭവങ്ങള്‍ അമ്പതുപുറത്തിലേറെ വരികയില്ലെന്ന് പണ്ഡിത മതം. ബാക്കി മിക്കതും ഐതിഹ്യങ്ങളാണ്. തെറ്റാകാം, ശരിയുമാകാം. മുത്ത്നബിയുടെ ജീവിതത്തിലേക്കു വരിക. റസൂലിന്റെ എണ്ണമറ്റ വചനങ്ങള്‍ അതേപടി ശേഖരിക്കപ്പെട്ടിട്ടുണ്ട്. പ്രവൃത്തികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രവാചകനുമായി വിദൂരബന്ധങ്ങളെങ്കിലുമുള്ള കാര്യങ്ങള്‍ പോലും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. റസൂലിന്റെ ചരിത്രം മാത്രമല്ല; അവ നിവേദനം ചെയ്തവരുടെ ചരിത്രവും സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. 'അസ്മാഉര്‍റിജാല്‍' എന്ന് വിളിക്കപ്പെടുന്നു അത്. കമ്പ്യൂട്ടറാദി സങ്കേതങ്ങള്‍ സ്വപ്നത്തില്‍ പോലും പിറന്നിട്ടില്ലാത്ത കാലത്ത് ഒരു ലക്ഷത്തോളം ആളുകളുടെ ചരിത്രമാണ് ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടത്.
നാലു നൂറ്റാണ്ടുകാലം നീണ്ടു നിന്ന പ്രക്രിയയാണ് ഹദീസ് ക്രോഡീകരണം. നബിമുഖത്തു നിന്ന് തിരുവചനങ്ങള്‍ നേരിട്ടുകേട്ട, ചര്യകള്‍ നേരില്‍ കണ്ട സ്വഹാബിമാരാണ് ഹദീസ് നിവേദകപരമ്പരയിലെ ആദ്യ കണ്ണികള്‍. ഇങ്ങനെ ഹദീസുമായി നേരിട്ടു ബന്ധമുള്ളവര്‍ ഹി. 80വരെ ജീവിച്ചിരുന്നു. മദീനയില്‍ പത്തുവര്‍ഷക്കാലം നബിയുടെ സേവകനായിരുന്ന അനസ് ഇബ്നുമാലിക്(റ) 1286 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. എ ഡി 711ല്‍ ബസറയില്‍ വച്ചാണ് അനസ് മരിക്കുന്നത്. ക്രിസ്തുവര്‍ഷം 632ലാണല്ലോ പ്രവാചക വിയോഗം. നബി ചരിത്രവുമായി ബന്ധപ്പെട്ട രണ്ടാം തലമുറ താബിഉകളാണ്. അവരില്‍ ചിലര്‍ റസൂലിന്റെ കാലത്തു തന്നെ ജീവിച്ചിരുന്നവരാണ്; ചെറുപ്പം കൊണ്ടോ വിദൂരതകൊണ്ടോ നബിയുമായി സഹവാസം സാധിക്കാതെ പോയവര്‍. താബിഉകളില്‍ പെട്ട അബ്ദുല്ലാഹിബ്നു ഹാരിസ് ജനിക്കുന്നത് ക്രിസ്തുവര്‍ഷം 622ലാണ്.
നബിവചനങ്ങളെ വളച്ചൊടിക്കുകയും തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ നിത്യനരകത്തെക്കുറിച്ച് പ്രവാചകന്‍ താക്കീത് ചെയ്തിട്ടുണ്ട്. അതിനാല്‍ പണ്ഡിത•ാരും പ്രമാണിമാരുമായ സഹാബിമാര്‍ പോലും ഹദീസ് നിവേദനം ചെയ്യുമ്പോള്‍ അടിമുടി വിറയ്ക്കുമായിരുന്നു. ഖുര്‍ആന്‍ മനഃപാഠമാക്കുമ്പോള്‍ കാണിച്ചിരുന്ന അതേ ശ്രദ്ധ ഹദീസ് മനഃപാഠമാക്കുമ്പോഴും ചെലുത്തിയിരുന്നു. ഖുര്‍ആനല്ലാത്തത് തന്നില്‍ നിന്നു കേട്ട് എഴുതിവയ്ക്കുന്നത് നബിതങ്ങള്‍ വിലക്കിയിരുന്നു. ഖുര്‍ആനും സുന്നത്തും കൂടിക്കലരുന്നത് തടയാനായിരുന്നു അത്. ഖുര്‍ആന്‍ പൂര്‍ത്തിയാവുകയും ഖുര്‍ആനും ഹദീസും വേര്‍തിരിച്ചറിയാന്‍ സ്വഹാബിമാര്‍ ശീലിക്കുകയും ചെയ്തതോടെ ഹദീസുകള്‍ രേഖപ്പെടുത്താന്‍ പ്രവാചകാനുമതി ലഭിക്കുകയുണ്ടായി. അതോടെ നബിചര്യകള്‍ നേരിട്ടറിഞ്ഞ സ്വഹാബിമാര്‍ അത് രേഖപ്പെടുത്തിത്തുടങ്ങി. അടുത്ത ഘട്ടത്തില്‍ നബിവചനങ്ങള്‍ നേരിട്ടുകേള്‍ക്കുകയും നബിചര്യകള്‍ നേരില്‍ കാണുകയും ചെയ്തവരില്‍ നിന്ന് ഹദീസ് ശേഖരിച്ച് രേഖപ്പെടുത്തുകയായിരുന്നു. ആദ്യകാല താബിഉകളുടെ ശിഷ്യ•ാരും രണ്ടാം തലമുറ താബിഉകളും ചേര്‍ന്നാണ് ഇത് നിര്‍വഹിക്കുന്നത്. അവസാന ഘട്ടത്തില്‍ ബുഖാരിയും തിര്‍മുദിയുമടക്കമുള്ളവര്‍ ഹദീസുകള്‍ ക്രോഡീകരിക്കുന്നു. ഏറ്റവും വില പിടിച്ചതും വിശ്വസനീയവും ആധികാരികവുമായ നിലയില്‍ രണ്ടും മൂന്നും ഘട്ടങ്ങളിലെ ലിഖിതരേഖകള്‍ ഇന്നും ലഭ്യമാണ്. അതികര്‍ക്കശമായ മാനദണ്ഡമാണ് ചരിത്ര പരിശോധനക്ക് മുസ്ലിംകള്‍ നിശ്ചയിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നബിവചനത്തിന്റെ ആദ്യത്തെ നിവേദകന്‍ സംഭവത്തിന് ദൃക്സാക്ഷിയായിരിക്കണം. തുടര്‍ന്ന് വരുന്ന നിവേദക പരമ്പരയിലെ ഓരോരുത്തരുടെയും സ്വഭാവവും മുന്‍കാല പ്രവൃത്തികളും വ്യക്തമായി അറിയാവുന്നവയായിരിക്കണം. അത്രമേല്‍ വിശ്വസ്തരാണെന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമേ അവര്‍ നിവേദനം ചെയ്ത ഹദീസ് സാധുവായി കണക്കാക്കുകയുള്ളൂ. നിവേദക പരമ്പരയില്‍ പെട്ട ശൂര•ാരായ ഭരണാധികാരികളെപ്പോലും നിര്‍ഭയം ഗുണദോഷവിചിന്തനത്തിനു വിധേയമാക്കിയ ശേഷമാണ് ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടത്. മുപ്പതിനായിരം ഹദീസുകള്‍ സാധുവെന്ന് തീരുമാനിച്ച് ക്രോഡീകരിക്കാന്‍ ഇമാം അഹ്മദ് ഇബ്നുഹമ്പലിന്ന് ഏഴുലക്ഷം ഹദീസുകളാണ് പരിശോധിക്കേണ്ടി വന്നത്. സ്വഹീഹുല്‍ ബുഖാരിയിലെ 2182 ഹദീസുകള്‍ ഇമാം ബുഖാരി സ്വീകരിച്ചത് ആറുലക്ഷത്തോളം ഹദീസുകളില്‍ നിന്നാണ്. ഇത്രമേല്‍ സൂക്ഷ്മവും സുവ്യക്തവുമായ ജീവചരിത്രം കൊണ്ട് സമ്പന്നമായ ഒരേയൊരു ജീവിതം മാത്രമേ ചരിത്രത്തിന്റെ മുമ്പില്‍ കാണുകയുള്ളൂ; അതാണ് മുത്ത്നബിയുടെ ജീവിതം.
ചരിത്രം സമ്മതിച്ചാല്‍ മാത്രം പോരല്ലോ ഒരു ജീവിതം മാതൃകായോഗ്യമാകുവാന്‍. ജീവിതം അനുകരണീയമാം വിധം വിശുദ്ധമായിരിക്കേണ്ടതുണ്ട്. പ്രവാചക ജീവിതത്തെ അങ്ങനെ സമീപിക്കുന്നവരെയും അതിശയകരമായ അനുഭവങ്ങളിലാണ് കൊണ്ടെത്തിക്കുക. 'ഒരു നേതാവും തന്റെ വേലക്കാരന്റെ മുമ്പില്‍ നേതാവായിരിക്കില്ല' എന്ന് വോള്‍ട്ടയര്‍ ഒരു സത്യം പറഞ്ഞിട്ടുണ്ട്. 'കൂടെക്കിടക്കുന്നവനാണല്ലോ രാപ്പനി അറിയുക'യെന്ന പഴഞ്ചൊല്‍ വാക്യത്തില്‍ മലയാളി ഈ സത്യം സംക്ഷേപിച്ചിട്ടുണ്ട്. രാക്കളികളറിയാത്ത പൊതുജനം നേതാവിനോട് കാണിക്കുന്ന ആദരവുകളൊന്നും അതെല്ലാമറിയുന്ന വേലക്കാരന്റെ മനസ്സിലുണ്ടാവുകയില്ലെന്നു സാരം. പ്രവാചക•ാര്‍ക്ക് ഇവ്വിധം ദൌര്‍ബല്യങ്ങളൊന്നുമുണ്ടാവുകയില്ല. എന്നിട്ടുപോലും പൂര്‍വകാല പ്രവാചക•ാരെ ആദ്യം അംഗീകരിച്ചത് അടുത്തവരായിരുന്നില്ല. അടുപ്പമില്ലാത്തവരാണ്. സ്വന്തക്കാര്‍ വിശ്വസിച്ചത് ഒടുക്കമാണ്. എന്നാല്‍ അന്ത്യപ്രവാചകരെ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ സംഭവിച്ചത് നേരെ തിരിച്ചാണ് എന്നു കാണാം. അതു മനസ്സിലാക്കിയാണ് ബോസ്വര്‍ത്ത് സ്മിത്ത്, വോള്‍ട്ടയറിന്റെ പ്രസ്തുത പ്രമാണവാക്യത്തിന് ഇങ്ങനെ ഒരനുബന്ധം എഴുതിച്ചേര്‍ത്തത്: "കുറഞ്ഞ പക്ഷം മുഹമ്മദിന്റെ കാര്യത്തിലെങ്കിലും ഇത് തെറ്റാണ്.'' ഗിബ്ബണെഴുതിയ 'റോമാസാമ്രാജ്യത്തിന്റെ ഉത്ഥാനപതനങ്ങള്‍' എന്ന വിഖ്യാത കൃതിയില്‍ നിന്ന് സുലൈമാന്‍ നദ്വി ഉദ്ധരിക്കുന്നു: "പ്രവാചകന്റെ പ്രഥമവും പ്രധാനവുമായ വിജയം തന്റെ ഭാര്യയുടെയും പരിചാരകന്റെയും സുഹൃത്തുക്കളുടെയും വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ്. കാരണം ഒരു മനുഷ്യനെന്ന നിലക്കുള്ള ദുര്‍ബലതകള്‍ നന്നായറിയുക അവര്‍ക്കാണല്ലോ. നീണ്ട പതിനഞ്ചാണ്ടുകള്‍ പകലിരവുകളില്‍ പ്രവാചകനോടൊപ്പം ചെലവഴിച്ച ഖദീജ(റ)യാണ് ആദ്യത്തെ വിശ്വാസിയെന്നത് ആ വ്യക്തിത്വത്തിന്റെ വിശ്വാസ്യത വിളിച്ചോതുന്നില്ലേ? മറ്റൊരാള്‍ പരിചാരകനായ സൈദ് ഇബ്നു ഹാരിസാണ്. സൈദ്(റ)ന്റെ കാര്യം വിസ്മയകരമാണ്. അടിമയായിരുന്ന അദ്ദേഹത്തെ നബിതങ്ങള്‍ സ്വതന്ത്രനാക്കി. സ്വതന്ത്രനായ സൈദിനെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ പിതാവു വന്നു. മുത്തുനബി അനുവാദവും കൊടുത്തു. പക്ഷേ, സൈദ് പോയില്ല. തന്റെ രക്തത്തിന് കടപ്പെട്ട പിതാവിനെക്കാള്‍ വിശ്വാസത്തിനു കടപ്പെട്ട പ്രവാചകനെയാണ് സൈദ് ഇഷ്ടപ്പെട്ടത്. ബന്ധുവായ അലി(റ)യും കളിക്കൂട്ടുകാരനായ സിദ്ദീഖ്(റ)മൊക്കെയാണ് ആദ്യകാല വിശ്വാസികള്‍.
ഭാര്യാഭര്‍ത്താക്കള്‍ പരസ്പരം മനസ്സാക്ഷി സൂക്ഷിപ്പുകാരാണല്ലോ. അതുകൊണ്ടു തന്നെ ഒരു ഭര്‍ത്താവും തന്റെ രഹസ്യങ്ങള്‍ പുറത്തുപറയാന്‍ ഭാര്യക്കനുവാദം കൊടുക്കുകയില്ല; ആത്മീയ നേതാക്കളാകുമ്പോള്‍ വിശേഷിച്ചും. എന്നാല്‍ ഇവിടെയിതാ ഒരു ഭര്‍ത്താവ്! തന്നെക്കുറിച്ച് അറിയാവുന്നതെല്ലാം പൊതുജനത്തോട് പറയാന്‍ അനുവാദം കൊടുക്കുന്നു. ഒരാള്‍ മാത്രമല്ല, എല്ലാ ഭാര്യമാര്‍ക്കും പറയാം. തന്നെ എങ്ങനെയൊക്കെയാണോ കണ്ടതും കേട്ടതും, അതൊക്കെപ്പറയാം. പകല്‍വെട്ടത്തില്‍ കണ്ടതും കേട്ടതും മാത്രമല്ല, പാതിരാത്രിയിലേതുമാവാം. അങ്ങനെയാണ് ചന്തപ്പറമ്പില്‍നിന്നു തുടങ്ങി ഉറക്കറയില്‍ വരെയുള്ള പ്രവാചക ചരിത്രം പൊതുവിജ്ഞാനത്തിന്റെ ഭാഗമാകുന്നത്. അതെല്ലാം തലമുറകള്‍ ആവേശത്തോടെ പഠിക്കുകയും പി•ുറക്കാര്‍ക്ക് സൂക്ഷ്മതയോടെ കൈമാറുകയും ചെയ്യുന്നു.
ശത്രുക്കള്‍ പ്രവാചകനെ ഭ്രാന്തനെന്ന് വിളിച്ചിട്ടുണ്ട്. കല്ലെറിഞ്ഞിട്ടുണ്ട്. കൊല്ലാനൊരുങ്ങിയിട്ടുണ്ട്. കുടുംബസമേതം മൂന്നാണ്ടുകാലം ഊരു വിലക്കിയിട്ടുണ്ട്. യുദ്ധം ചെയ്തിട്ടുണ്ട്. ഇതൊക്കെയായിട്ടും സദാചാരത്തിനു നിരക്കാത്ത ഒരാരോപണമുന്നയിച്ച് അവര്‍ പ്രവാചകനെ പ്രതിക്കൂട്ടില്‍ കയറ്റിയിട്ടില്ല. ആധുനിക ശത്രുക്കള്‍ പോലും ബഹുഭാര്യത്വവും വിശുദ്ധയുദ്ധവുമല്ലാതെ മറ്റെന്തെങ്കിലും പ്രവാചകന്നെതിരെ ഉന്നയിക്കുന്നില്ലല്ലോ. അബുജഹ്ല്‍ പ്രവാചകന്റെ പ്രഖ്യാപിത ശത്രുവാണ്. അയാള്‍ മുത്ത്നബിയെക്കുറിച്ച് നല്ലതു പറയുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അയാള്‍ക്കു പോലും പറയേണ്ടി വന്നു. : "കള്ളം പറയുന്നവനെന്ന് നിന്നെ ഞാന്‍ വിളിക്കുന്നില്ല.എന്നാല്‍ നീ പ്രചരിപ്പിക്കുന്നതെല്ലാം ശരിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.'' അബൂസുഫ്യാന്‍ നബിയെക്കുറിച്ച് പറഞ്ഞതെന്താണ്? നബിയെയും സംഘത്തെയും യുദ്ധം ചെയ്ത് തോല്‍പ്പിക്കാനുള്ള വഴികളെക്കുറിച്ചു മാത്രം ചിന്തിക്കുന്നകാലം. ഭൌതിക ശക്തിമാത്രം പരിഗണിച്ചാല്‍ നിഷ്പ്രയാസം നബിയെ തോല്‍പ്പിക്കാവുന്നത്ര കോപ്പുള്ളവനാണ് ബൈസാന്റിയന്‍ ചക്രവര്‍ത്തിയായ ഹെരാക്ളിയസ്. അയാളെ എങ്ങനെയും പ്രവാചകനെതിരെ ഇളക്കിവിടാന്‍ കഴിയണമെന്ന് മനസാ പ്രാര്‍ത്ഥിച്ചിരിക്കാവുന്ന നേരം.
അപ്പോള്‍ നടന്ന സംഭാഷണത്തിന്റെ ഗതിയൊന്ന് നോക്കുക:
"ഹെറാക്ളിയസ് : പ്രവാചകന്റെ വംശത്തെ ക്കുറിച്ച് പറയുക.
അബൂ സുഫ്യാന്‍ : നല്ല വംശമാണ്.
ഹെരാക്ളിയസ് : അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് മുമ്പാരെങ്കിലും പ്രവാചകത്വം അവകാശപ്പെട്ടിട്ടുണ്ടോ?
അബുസുഫ്യാന്‍ : ഇല്ല.
ഹെരാക്ളിയസ് : വിശ്വാസികള്‍ ദരിദ്രരോ സ്വാധീനമുള്ളവരോ?
അബൂസുഫ്യാന്‍ : ദുര്‍ബ്ബലരും നിസ്സഹായരും.
ഹെരാക്ളിയസ് : അവരുടെ എണ്ണം കൂടുകയോ കുറയുകയോ?
അബൂസുഫ്യാന്‍ : കൂടുന്നു.
ഹെരാക്ളിയസ് : അദ്ദേഹം എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?
ഇല്ല.
എപ്പോഴെങ്കിലും വിശ്വാസവഞ്ചന ചെയ്തിട്ടുണ്ടോ?
ഇല്ല, പക്ഷേ, ഭാവിയില്‍ എന്തു ചെയ്യുമെന്ന് കണ്ടറിയണം.
അവിടത്തെ എണ്ണം പറഞ്ഞ ശത്രുക്കളാണ് റസൂലിന് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരിക്കുന്നത്. ഇത് ഈ നേതാക്കളുടെ മാത്രം നിലപാടല്ല. ശത്രുക്കളുടെ പൊതു നിലപാടാണ്. അതുകൊണ്ടാണ് റസൂലിനെതിരെ പടകൂടുമ്പോഴും അവര്‍ തങ്ങളുടെ വിലപിടിച്ച വസ്തുക്കളെല്ലാം അമാനത്തായി റസൂലിനു തന്നെ ഏല്‍പിക്കുന്നത്. അത് തിരിച്ചുകൊടുക്കാനുള്ള വക്കാലത്ത് ഏല്പിച്ചാണല്ലോ റസൂല്‍ അലിയെ ഹിജ്റനാളില്‍ തന്റെ വിരിപ്പില്‍ കിടത്തിയത്. അത്രമേല്‍ വിശ്വസ്തനാണ് റസൂല്‍.
വിശ്വാസികള്‍ പലതരക്കാരാണ്; ഭരണാധികാരികളും ഭരണീയരും കാണും കൂട്ടത്തില്‍. ധനികരും ദരിദ്രരുമുണ്ടാകും. പണ്ഡിതരും വിദ്യാര്‍ത്ഥികളും കാണും. ഒരാള്‍ക്കു തന്നെ പലതരം ജോലിയും പല ഭാവങ്ങളുമുണ്ടാവാം. ഉണ്ണുകയോ ഉറങ്ങുകയോ തൊഴിലെടുക്കുകയോ യുദ്ധം ചെയ്യുകയോ ആവാം. ദേഷ്യവും സങ്കടവും കോപവും സ്നേഹവും വിജയപരാജയങ്ങളും മാറിമാറി വരാം. ഈ വൈവിധ്യങ്ങള്‍ക്കെല്ലാം മാതൃക റസൂലില്‍ നിന്നു കിട്ടണം. റസൂലിനെ ശ്രദ്ധിച്ചു നോക്കൂ. അനാഥനാണ് ആമിനയുടെ പുത്രന്‍. ഭര്‍ത്താക്ക•ാര്‍ക്ക് ഖദീജയുടെയും ആഇശയുടെയും ഭര്‍ത്താവ് അനുകരണീയനാണ്. പിതാക്ക•ാര്‍ ഫാത്വിമയുടെ ഉപ്പയെ കണ്ടു പഠിക്കട്ടെ. മക്കയിലെ വ്യാപാരിയായിരുന്ന അവിടുന്ന് സമ്പന്നനായിരുന്നുവല്ലോ. ജിബ്രീലിനു മുമ്പില്‍ റസൂല്‍ അനുസരണയുള്ള വിദ്യാര്‍ത്ഥിയാണ്. മക്കയിലെ പ്രബോധകനായ റസൂല്‍ എന്തുമാത്രം ദരിദ്രനായിരുന്നു! എന്നാല്‍ മദീനയില്‍ റസൂല്‍ ഭരണാധികാരിയാണ്. ബദ്റിലും ഉഹ്ദിലും പടനായകനാണ്. മസ്ജിദുന്നബവിയില്‍ അനുകരണീയനായ അധ്യാപകന്‍. ജീവിതത്തിന്റെ ഇടവഴികളിലൂടെയെല്ലാം അല്ലാഹു റസൂലിനെ നയിച്ചിട്ടുണ്ട്. ഓരോ വഴിയിലും മാതൃകായോഗ്യമായിരുന്നു ആ ജീവിതം.
ചരിത്രത്തിന്റെ സാക്ഷ്യം ലഭിക്കുന്ന വിശുദ്ധവും സമഗ്രവുമായ ജീവിതമാണ് റസൂലിന്റേതെന്ന് ബോധ്യപ്പെട്ടാലും അത് ജീവിതത്തില്‍ പകര്‍ത്താവുന്നത്ര പ്രായോഗികമാണോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ചെയ്യാത്തത് പറയരുതെന്ന് ഇസ്ലാം കല്പിക്കുന്നുണ്ടല്ലോ. അതുവച്ച് പരിശോധിച്ചാല്‍ അത് പറയാന്‍ പ്രവാചകനോളം യോഗ്യനായ മറ്റൊരാളുമുണ്ടാകുമെന്ന് തോന്നുന്നില്ല. അവിടുന്ന് നമ്മോട് നിസ്കരിക്കാന്‍ പറഞ്ഞു. ഏറ്റവും നന്നായി നിസ്കരിച്ചത് അവിടുന്നായിരുന്നു. ഏറ്റവും കൂടുതല്‍ നിസ്കരിച്ചതും അവിടുന്നു തന്നെ. അഞ്ചുനേരത്തെ നിസ്കാരമാണ് നമുക്ക് നിര്‍ബന്ധമാക്കിയത്. തിരുനബിയാകട്ടെ ഓരോ ദിവസവും വിട്ടുവീഴ്ചയില്ലാതെ എട്ടുനേരം നിസ്കരിച്ചു. അഞ്ചുനിര്‍ബന്ധ നിസ്കാരങ്ങള്‍ക്കു പുറമെ ഇശ്റാഖ്, ളുഹാ, തഹജ്ജുദ് എന്നിവകൂടി. പതിനേഴു റക്അത്താണ് നമുക്ക് നിര്‍ബന്ധം. നബിതങ്ങള്‍ അറുപത് റക്അത്താണ് നിസ്കരിച്ചിരുന്നത്. ഇങ്ങനെ എല്ലാ ആരാധനാ കര്‍മങ്ങളിലും കാണാം.
പ്രവാചക കാലത്ത് പലതവണ യുദ്ധമുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഭരണത്തലവനായി സുരക്ഷിത സ്ഥാനങ്ങളില്‍ മാറിനില്‍ക്കുകയായിരുന്നില്ല നബിതങ്ങള്‍. ബദര്‍ പടക്കളത്തില്‍ സുജൂദില്‍ വീണ് റബ്ബിന്റെ സഹായം തേടുന്ന നബിയെ കാണാം. ഉഹ്ദ് പടക്കളത്തിലുമുണ്ട് റസൂല്‍. പട പരാജയത്തിലേക്ക് നീങ്ങുകയാണ്. പടയാളികളില്‍ പലരും പടപ്പറമ്പില്‍നിന്ന് പിന്‍വാങ്ങുകയാണ്. അപ്പോഴും പതറാതെ, ഒരടി പിന്‍വാങ്ങാതെ ഉറച്ചു നിന്നു തിരുനബി. ഏറ്റുമുട്ടി, മറിഞ്ഞു വീണു, ചുണ്ട് മുറിഞ്ഞു, മുഖത്ത് കല വീണു, പല്ല് കൊഴിഞ്ഞു, എന്നിട്ടും റസൂല്‍ ഓടിയില്ല. ഉറയില്‍ നിന്ന് വാള് ഊരുക പോലും ചെയ്തില്ല. പടയാളികള്‍ പട വിട്ടോടുമ്പോഴും പതറാതെ നിന്ന പടത്തലവന്‍! അതാണ് പ്രവാചകന്‍.
ലോകം ശാന്തമായുറങ്ങുന്ന നിശ്ശബ്ദയാമങ്ങളില്‍ പ്രവാചകന്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. മനസ്സ് ദൈവസ്മരണയില്‍ മുങ്ങുന്നു. ഹൃദയം തരളമാകുന്നു. കണ്ണ് ഈറനാവുന്നു. കവിളിലൂടെ കണ്ണീര്‍ ഒഴുകിയിറങ്ങുന്നു. മാനവകുലത്തിനുള്ള ഉദാത്ത മാതൃകയായി അവിടുന്ന് ശോഭിക്കുന്നു. റബ്ബിന്റെ ഏറ്റവുമടുത്ത ദാസനാകാനുള്ള യോഗ്യത റസൂലില്‍ തെളിഞ്ഞു കാണാം. "ദൈവമേ, നീയെന്നെ കൈവെടിഞ്ഞതെന്തേ'' എന്നു വിലപിക്കുന്ന യേശുവിനെക്കുറിച്ചാണല്ലോ ബൈബിള്‍ വിവരിക്കുന്നത്. അവ്വിധമൊരു വിലാപം അന്ത്യപ്രവാചകര്‍ക്കു വേണ്ടി വന്നില്ല. 'ഇലര്‍റഫീഖില്‍ അഅ്ലാ' എന്ന അനുഭവാഖ്യാനമായിരുന്നു അവിടുന്ന് ഉതിര്‍ത്തത്. അവനിലേക്കാണ് അവിടുന്ന് ഉയര്‍ന്നു പോയത്. ആ വഴി ജീവിതത്തിനര്‍ത്ഥം തേടുന്നവര്‍ക്കു മുമ്പില്‍ അവിടുന്ന് തെളിഞ്ഞു നില്‍ക്കുന്നു : അനുകരിക്കാനായി.